കണ്‍മഷിക്കണ്ണ്
Tuesday, May 20, 2008
സ്ത്രീസ്വത്വ പ്രതിനിധാനം മാധവിക്കുട്ടികഥകളില്‍
സമൂഹമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയിട്ടുള്ള ഒരു ആദര്‍ശവനിതാബിംബമുണ്ട്. കാലങ്ങളായി നിലനിന്നുപോരുന്നതും വിവിധമാര്‍ഗ്ഗങ്ങളാല്‍ നവീകരിക്കപ്പെട്ടുപോരുന്നതുമായ ഒരു മലയാളിസ്ത്രീസങ്കല്‍പ്പം.ഇതിനെ ഒരു വാര്‍പ്പുമാതൃക എന്നു വിളിക്കാം.പുരാണേതിഹാസങ്ങള്‍മുതല്‍ സത്യന്‍ അന്തിക്കാടിന്റെ കുടുംബചിത്രങ്ങള്‍ വരെ ഈ മാതൃകയെ വാര്‍ത്തെടുക്കുന്നതില്‍ ഭേദപ്പെട്ട പങ്കുവഹിച്ചിട്ടുണ്ട്.നന്മയുടേയും ത്യാഗത്തിന്റേയും സൌന്ദര്യത്തിന്റേയും മാര്‍ദ്ദവത്തിന്റേയും പ്രതിരൂപമായ ഐശ്വര്യവതിയായ ഈ സ്ത്രീരൂപത്തെ മുണ്ടും നേരിയതും മുല്ലപ്പൂവും സ്വര്‍ണാഭരണങ്ങളും വട്ടപ്പൊട്ടും കൊണ്ടലങ്കരിച്ച് വിശേഷാല്‍പ്രതികളുടെ മുഖചിത്രത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ രാഷ്ട്രീയവും മറ്റൊന്നല്ല.
സാധാരണ മനുഷ്യജീവിയില്‍ നിന്ന് വളരെ വ്യത്യാസങ്ങളൊന്നുമില്ലാത്ത ഒരു സ്ത്രീ വല്ലാതെ ആഘോഷിക്കപ്പെടുന്നുണ്ടെങ്കില്‍ അതിലെന്തോ അപകടമുണ്ട്. ഒന്നുകില്‍ മയക്കുവെടിവെച്ചുവീഴ്ത്തും;അല്ലെങ്കില്‍ കൂകിയൊതുക്കും.മാധവിക്കുട്ടിയ്ക്ക് എന്താണു സംഭവിച്ചത്?മാധവിക്കുട്ടിയുടെ പെണ്‍ചിത്രീകരണങ്ങള്‍ ആരെയെങ്കിലും ഭയപ്പെടുത്തിയിട്ടുണ്ടോ?സ്വന്തം ശരീരത്തെക്കുറിച്ച് ഒരു സ്ത്രീ ചില കാര്യങ്ങള്‍ തുറന്നുപറയാനൊരുങ്ങിയപ്പോള്‍ മലയാളി ഞെട്ടിയതെന്തിനാണ്?മേല്‍സൂചിപ്പിച്ച വാര്‍പ്പുമാതൃകയ്ക്ക് ചില്ലറ ഏറുകള്‍ കൊണ്ടപ്പോള്‍ ഉണ്ടായ സ്വാഭാവിക പ്രതികരണങ്ങളായിരുന്നു ആ ഞെട്ടലുകള്‍.മാധവിക്കുട്ടിതന്നെ പറഞ്ഞു:
"എന്റെ കഥ' വായിച്ച് ഇവിടെ ഒരുത്തനും ഞെട്ടിയില്ല,ഞെട്ടിയതായി അഭിനയിക്കുക മാത്രം ചെയ്തു..."
അപ്പോള്‍ സദാചാരമായിരുന്നില്ല പ്രശ്നം.ബഹുഭര്‍തൃത്ത്വവും ബഹുഭാര്യാത്വവും അഗമ്യഗമനവും സംബന്ധഏര്‍പ്പാടുകളും നിര്‍വിഘ്നം തുടര്‍ന്നുവന്ന ഒരു സമൂഹത്തിന് ലൈംഗികതയോട് എന്തുപേടി?അങ്ങനൊരു പേടിയുണ്ടായിരുന്നെങ്കില്‍ മലയാളി ഒ.വി.വിജയനെ കൊന്ന് തൂങ്ങിമരിക്കുമായിരുന്നല്ലോ! മാധവിക്കുട്ടിക്കുപിന്നാലെവന്ന പുത്തന്‍തലമുറ എഴുത്തുകാരികളെ തൊട്ട് ശുദ്ധം മാരുമായിരുന്നില്ലല്ലോ.നളിനി ജമീലയെ മുണ്ടിനടിയില്‍ ഒളിപ്പിച്ചുവച്ച് വായിച്ചുരസിക്കുമായിരുന്നില്ലല്ലോ!
സമൂഹത്തിന്റെ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് സ്ത്രീയെ ആശ്രയിച്ചുനില്‍ക്കുന്നു. ദാമ്പത്യവും കുടുംബ ബന്ധങ്ങളും നിലനിര്‍ത്തേണ്ട ബാദ്ധ്യത സ്ത്രീയെ ഏല്‍പ്പിക്കേണ്ടതെങ്ങിനെ എന്നറിയാന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങള്‍ ഒന്നുകണ്ടുനോക്കുക.സ്ത്രീകളാണ് കുടുംബസിനിമകളുടെ വിജയത്തിനുപിന്നില്‍ എന്ന സമവാക്യം ഇതോടുചേര്‍ത്തുവായിക്കാം.
സ്ത്രീകള്‍ സ്വത്വബോധമുള്ളവരായി മാറണം എന്നുമാത്രമേ സ്ത്രീവാദികള്‍ പറഞ്ഞിട്ടുള്ളൂ. അടിച്ചമര്‍ത്തപ്പെട്ട സ്വത്വബോധത്തിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ സമൂഹത്തിന്റെ ചിട്ടവട്ടങ്ങള്‍ക്ക് പോറലേല്‍പ്പിച്ചുവെന്നു വരാം. മാധവിക്കുട്ടിയുടെ പെണ്‍കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത് അങ്ങനെയാണ്.
ഭ്രമാത്മകഭാവനയുടെ എഴുത്തുകാരിയാണ് മാധവിക്കുട്ടി.താനെഴുതിയതിനെയൊക്കെയും അവര്‍ പലകുറി നിഷേധിച്ചിട്ടുണ്ട്:
"ആര്‍ക്കുവേണം സ്വാതന്ത്ര്യം? ആരാണീ ഫെമിനിസ്റ്റുകള്‍?"
"ആര്‍ക്കുവേണം സ്വാതന്ത്ര്യം? ആരാണീ ഫെമിനിസ്റ്റുകള്‍?"
മാധവിക്കുട്ടിയുടെ നിലപാടുകളിലെ വൈരുദ്ധ്യങ്ങള്‍ അവരുടെ കഥകളിലും പ്രകടമാണ്.ഒരു സമൂഹത്തിന്റെ പെണ്‍ചിത്രീകരണത്തെ , സ്ത്രീസ്വത്വപ്രതിനിധാനത്തെ മാധവിക്കുട്ടികഥകള്‍ എപ്രകാരമാണ് പരുവപ്പെടുത്തിയത് എന്നതിനെക്കുറിച്ച് ഒരു വിചിന്തനം ആവശ്യമാണ്.
പുരുഷസ്പര്‍സം കാത്തിരിക്കുന്ന സ്ത്രീ, പുരുഷന്റെ സ്നേഹത്തിനു മുമ്പില്‍ വെണ്ണപോലെ അലിയുന്ന സ്ത്രീ, അവന്റെ സ്നേഹനിരാസം കാരണം മരണം വരിക്കുന്ന സ്ത്രീ, ജോലികള്‍ തീര്‍ത്തുമാത്രം മരിച്ചുവീഴുന്ന സ്ത്രീ, ആഭരണങ്ങളും പട്ടുവസ്ത്രങ്ങളും തോല്‍ച്ചെരിപ്പും ധരിച്ച് കാമുകനെ കാണാന്‍ യാത്ര ചെയ്യുന്ന സ്ത്രീ, വേലക്കാരെക്കൊണ്ട് ആഹാരം എടുത്തുവെപ്പിച്ച് കഴിക്കുന്ന സമ്പന്നസ്ത്രീ, കാറും ബംഗ്ലാവുമുള്ള, പുരുഷ സൌഹൃദങ്ങളും സാഹിത്യ സമ്മേളനങ്ങളും ആസ്വദിക്കുന്ന സ്ത്രീ, ഭര്‍ത്താവിനെ പ്രീതിപ്പെടുത്താന്‍ അഹോരാത്രം യത്നിക്കുന്ന സ്ത്രീ..
മാധവിക്കുട്ടിയുടെ കഥാലോകത്തിലെ സ്ത്രീകള്‍ക്ക് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടെന്താണെന്ന് വിശദമാക്കാനാണ് ഇത്രയും ഉദാഹരണങ്ങള്‍ നിരത്തിയത്. ദാമ്പത്യത്തിലെ കയ്പിനെ തുടരെത്തുടരെ രചനാ വിഷയമാക്കിയെങ്കിലും മാധവിക്കുട്ടിയുടെ സ്ത്രീകഥാപാത്രങ്ങളില്‍ ഭൂരിപക്ഷവും സമൂഹം നിര്‍ദ്ദേശിക്കുന്ന ആദര്‍ശഭാര്യമാര്‍ക്ക് വേണ്ട ഗുണങ്ങള്‍ ഉള്ളവരാണ്.സമൂഹത്തിന്റെ ലിംഗപരമായ അനീതിയോട് വാക്കാല്‍ പ്രതികരിക്കാത്തവരുമാണ്.
- "മഹിളാസമാജം തെരഞ്ഞെടുപ്പില്‍ ആരാണ് സെക്രട്ടറിയായത് എന്നറിയാമോ? ഞാന്‍." അവള്‍ അഭിമാനത്തോടും ലജ്ജയോടുംകൂടി ചിരിക്കും.
-തലമുടിയില്‍ പട്ടുനാടകെട്ടി അതിന്റെ അറ്റം തെരുപ്പിടിച്ചുകൊണ്ട് അയാളെ കാത്ത് അവള്‍ ജനല്‍പ്പടിമേല്‍ ഇരുന്നു.
-ഭാര്യയില്‍ കുറവു കണ്ടാലല്ലേ വേറെ സ്ത്രീകളെ അന്വേഷിച്ചുപോവുക.
-ദേഹത്തോടു ചേര്‍ന്നുകിടക്കുന്ന പച്ച ബ്ലൌസ്,മുറുക്കിച്ചുവപ്പിച്ച ചുണ്ടുകള്‍, അഴിഞ്ഞുകിടക്കുന്ന ചുരുണ്ടമുടി.
-"ഗുരുവായൂരപ്പാ, എനിക്കു രാജത്തിന്റെ നിറവും ദേവുവിന്റെ പല്ലും കിട്ടണേ."
-ഇതൊക്കെ അറിഞ്ഞിരുന്നിട്ടും അദ്ദേഹം എന്തുകൊണ്ട് തന്നെ ശകാരിച്ചില്ല? ഉപേക്ഷിച്ചില്ല? എന്തുകൊണ്ടാണ് ക്ഷമയോടെ ഇതൊക്കെ സഹിച്ചിരുന്നത്?
-അവള്‍ തന്റെ ഇഷ്ടത്തിനു നില്‍ക്കുന്നുവല്ലോ.അവള്‍ എന്തു നല്ല ഭാര്യയാണ്......
-അവള്‍ തലതാഴ്ത്തിയാണ് സംസാരിക്കുന്നത്
-അലമാരകളില്‍ സ്ഫടികഭരണികള്‍ നിറഞ്ഞു. മുറുക്ക്.നാരങ്ങാക്കറി
-അയാളുടെ മുണ്ടുകള്‍ അവള്‍ തിരുമ്പി വെളുപ്പിച്ചു.
-ഇതു മഞ്ഞളല്ല,പ്രസാദമാണ്, അമ്മമ്മ തന്നതാണ്, മംഗല്യത്തിനാ.....
-ആണുങ്ങളായാല്‍ കുറച്ചിങ്ങനെയൊക്കെയുണ്ടാവില്ലേ കല്യാണത്തിനു മുന്‍പ്?
-അവള്‍ പുഞ്ചിരിക്കുന്നുണ്ടോ? അതോ കോണുകളുയര്‍ന്ന ചുണ്ടിന്റെ സ്ഥിരഭാവമാണോ അത്? [അമ്മു]
-തണുത്ത പട്ടുചേലകളുടുത്ത് കാലില്‍ കസവുചെരിപ്പിട്ട് അവള്‍ പതുക്കെനടന്ന് അയാളുടെ ഓഫീസിലെത്താറുണ്ട്. [യജമാനന്‍]
-അമ്മു ഒരു പൊട്ടിപ്പെണ്ണാണ്,തൊട്ടതിനൊക്കെ കരയും.
-കല്യാണം കഴിഞ്ഞു,ഇനിയൊക്കെയും അയാളുടെ അധികാരം.
[ഒരു ദിവസം രാവിലെ]
സ്ത്രീ രചനകള്‍ എപ്പോഴും സ്ത്രീപക്ഷത്താവണമെന്നില്ല.അവയിലെ സ്ത്രീ ചിത്രീകരണമാണ് അവയുടെ ചേരി ഏതാണെന്ന് തീരുമാനിക്കുന്നത്.മാധവിക്കുട്ടിയുടെ 'കോലാട്' ശക്തമായ സ്ത്രീ(പക്ഷ)രചനയാണെന്ന് പറയാറുണ്ട്.പരിമിതമായ അര്‍ത്ഥത്തില്‍ അത് ശരിയുമാണ്.കോലാട് എന്ന പേരു തന്നെ അനാകര്‍ഷകയും ദുര്‍ബലയുമായ ഒരു ഇരയെയാണ് ചിത്രീകരിക്കുന്നത്.ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി ജീവിതം ഹോമിച്ച് രോഗശയ്യയില്‍ നിന്നും മരണത്തിലേക്കു നീങ്ങുന്ന വീട്ടമ്മ അന്ത്യനിമിഷത്തില്‍ ആത്മഗതം ചെയുന്നത് 'അയ്യോ പരിപ്പ് കരിയ്ണ്ട്ന്ന് തോന്ന്ണു' എന്നാണ്.'അതുകേട്ട് അവളുടെ ഭര്‍ത്താവിന്റെ കണ്ണുകള്‍ നനഞ്ഞു' എന്ന് മാധവിക്കുട്ടി എഴുതുന്നു.
ഒരു ഇരയ്ക്ക് ഇരയുടെ പദവി നേടിയെടുക്കുക അത്ര എളുപ്പമല്ല.(ഷര്‍മ്മിള ശ്രീകുമാര്‍-സമകാലീനമലയാളി/സ്ത്രീ:അകത്തോ പുറത്തോ?-ആണരശുനാട്ടിലെ കാഴ്ചകള്‍-കേരളം സ്ത്രീപക്ഷ ഗവേഷണത്തില്‍) ഉദാഹരണം ലളിതം. കുലസ്ത്രീ മാനഭംഗപ്പെടുത്തപ്പെട്ടാല്‍ അവള്‍ 'നിസ്സഹായയായ ഇര' എന്ന പദവിക്ക് യോഗ്യതനേടും. മാനഭംഗപ്പെടുത്തപ്പെടുന്നത് വേശ്യയാണെങ്കില്‍ അവള്‍ ഒരു ഇരപോലുമല്ല. ഈ 'പാവം ഇര' എന്ന പദവിക്കുവേണ്ടിയാണ് പ്രാചീനകാലം മുതല്‍ ഇന്നുവരെ സ്ത്രീകള്‍ മത്സരിക്കേണ്ടത് എന്ന് നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ട്.കോലാട് ഭാര്യാ-മാതൃധര്‍മ്മങ്ങളെല്ലാം വീഴ്ചവരുത്താതെ അനുഷ്ഠിച്ച് രക്തസാക്ഷിയാവുന്നതുകൊണ്ട്‍ാണ് ഭര്‍ത്താവിന്റെ കണ്ണുനനയിക്കുക എന്ന മഹത്തായ നേട്ടം അവള്‍ കൈവരിക്കുന്നത്.അതുകൊണ്ട് കോലാടിനെ നാം ആരാധിക്കുന്നു.കസ്തൂര്‍ബാഗാന്ധിയുടെ ഭൌതികശരീരം ചിതയിലേക്കെടുത്തപ്പോള്‍ ജിതേന്ന്ദ്രിയനായ ഗാന്ധിജിയുടെ കണ്ണുകള്‍പോലും നിറഞ്ഞുപോയി എന്ന പ്രസ്താവന ഒന്നു വിശകലനം ചെയ്തു നോക്കുക. ഈ കണ്ണുനീര്‍ത്തുള്ളികള്‍ ഇരകളുടെ യോഗ്യതയ്ക്കുള്ള(സഹനം,ത്യാഗം,പതിഭക്തി,കുടുംബസ്നേഹം) സമ്മാനമാകുന്നു.
മേല്‍ ഉദ്ധരിച്ച കഥാഭാഗങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇരകളുടെ യോഗ്യതാമാനദണ്ഡങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നു.മാധവിക്കുട്ടിയുടെ രചനകളിലെ സ്ത്രീകളെ മൊത്തത്തില്‍ രണ്ടുവിഭാഗങ്ങളായി തിരിക്കാം. ഇരാപദവിക്ക് അര്‍ഹരായവരും അര്‍ഹരല്ലാത്തവരും. ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകന്റെ കിടക്കയിലേക്ക് നടക്കുന്ന സ്ത്രീകള്‍, വൃദ്ധര്‍, ഭ്രാന്തര്‍, വേശ്യകള്‍, വിരൂപകള്‍, ദരിദ്രര്‍, ദളിതര്‍,പരിഷ്കാരപ്പകിട്ടേറിയ കൊച്ചമ്മമാര്‍, വിദ്യാഭ്യാസം 'കൂടിപ്പോയ' സ്ത്രീകള്‍, അഹങ്കാരികളായ സ്ത്രീകള്‍-ഇവരൊക്കെ ഇരയാകാനുള്ള യോഗ്യത നഷ്ടപ്പെട്ടവരാണ്.ഇവരുടെ എതിര്‍ചേരിയാണ് സമൂഹത്തിന്റെ ലിംഗാധികാരത്തിന്റെ മാനദണ്ഡങ്ങളനുസരിച്ചുള്ള 'യഥാര്‍ത്ഥ' ഇരകള്‍. അവരുടെ ദുരന്തങ്ങള്‍ സഹതാപാര്‍ഹങ്ങളാവുന്നത് സ്വാഭാവികം.ഓടി രക്ഷപ്പെടാമായിരുന്നില്ലേ, നിലവിളിക്കാമായിരുന്നില്ലേ തുടങ്ങിയ ചോദ്യങ്ങളുടെ പരിധിക്കുപുറത്താണ് ഇവരുടെ സ്ഥാനം.
ഇത്തരമൊരു പദവി വ്യത്യാസം കൂടി സ്ത്രീപദവിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കണക്കിലെടുക്കേണ്ടതാണ്. മാധവിക്കുട്ടികഥകള്‍ പെണ്ണെഴുത്തിന്റെ ബൈബിളായി വാഴ്ത്തപ്പെടുന്നതിനുമുന്‍പ് കഥകളിലൂടെ പൊട്ടിത്തെറിച്ച എഴുത്തുകാരിയാണ് സരസ്വതിയമ്മ. സരസ്വതിയമ്മയ്ക്കില്ലാത്ത സ്വീകാര്യത മാധവിക്കുട്ടിക്ക് ലഭിച്ചു എന്നത് നിഷേധിക്കാനാവില്ല. മലയാളിസമൂഹത്തിന്റെ സഹജമായ അധമബോധം (ജാതീയമായതും അല്ലാത്തതും) മാധവിക്കുട്ടിയെന്ന വ്യക്തിയെയും അവരുടെ രചനകളെയും അനാരോഗ്യകരമായ തരത്തില്‍ അതിലാളന നല്‍കി ഒതുക്കിയിട്ടുണ്ടോ എന്ന സംശയം ന്യായമാണ്. സരസ്വതിയമ്മയെ അപേക്ഷിച്ച് മാധവിക്കുട്ടിയില്‍ അതിവൈകാരികത കാണാം. പെണ്ണെഴുത്തിനുള്ള യോഗ്യത അതായി ഗണിച്ച് സ്ത്രീയ്ക്ക് നിര്‍ദ്ദിഷ്ടമായിരിക്കുന്ന ഗാര്‍ഹിക ഇടത്തിലേക്ക് അവളെ നീക്കിനിര്‍ത്താനുള്ള ശ്രമങ്ങളുടെ വിജയമായിരുന്നു മാധവിക്കുട്ടി രചനകളിലെ അശ്ലീലത്തെച്ചൊല്ലിയുണ്ടായ കോലാഹലങ്ങളുടെ ആത്യന്തിക ഫലം.
posted by ഛായ at 11:11 AM
0 Comments:
Post a Comment
<< Home